ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിന്റെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര പഞ്ചായത്താണ് തച്ചമ്പാറ. കരിമ്പ, കാരാകുറുശ്ശി, പൊറ്റശ്ശേരി പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് 1979 ജൂലൈ 7ന് പുതുതായി രൂപീകരിച്ച പഞ്ചായത്താണ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത്. 1901-ലെ കണക്കനുസരിച്ച് തച്ചമ്പാറ അംശത്തില്‍ മുതുകുറുശ്ശി പള്ളിക്കുറുപ്പ് എന്നീ രണ്ടു ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നതായി കാണുന്നു. അതില്‍ മുതുകുറുശ്ശി ദേശം മാത്രമേ ഇന്ന് തച്ചമ്പാറ പഞ്ചായത്തിലുള്ളൂ. പള്ളിക്കുറുപ്പ് ഇപ്പോള്‍ കാരാകുറുശ്ശി പഞ്ചായത്തിലാണ്. 1901 ല്‍ മുതുക്കുറുശ്ശി ദേശത്തില്‍ 211 ആള്‍താമസമുള്ള വീടുകളും 623 പുരുഷമന്‍മാരും 571 സ്ത്രീകളും ഉള്‍പ്പെടെ 1194 ജനസംഖ്യ ഉള്ളതായി പഴയ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 968 ഹിന്ദുക്കളും 226 മുസ്ളീങ്ങളും ഉണ്ടായിരുന്നങ്കിലും അന്ന് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നില്ല. 1931ലെ കാനേഷുമാരി കണക്കനുസരിച്ച് 10 ക്രിസ്ത്യാനികള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1931നു ശേഷം തിരുവിതാംകൂറില്‍ നിന്നും കുടിയേറി പാര്‍ത്ത ക്രിസ്ത്യാനികളാണ് ഇന്നുള്ളത്. ഇപ്പോഴത്തെ ജനസംഖ്യയുടെ 25%ത്തിലധികം ഈ പഞ്ചായത്തില്‍ ക്രിസ്ത്യാനികളാണ്. ഇന്ന് ഈ പഞ്ചായത്തില്‍ 7 ക്രിസ്ത്യന്‍ ദേവാലയങ്ങളും 9 മുസ്ളീം പള്ളികളും മുതുകുറുശ്ശി കിരാതമൂര്‍ത്തി ക്ഷേത്രം, തച്ചമ്പാറ അയ്യപ്പന്‍ കാവ്, കുറ്റംമ്പാടം, തോടം, കുളംതാളിപ്പാടം കുറുമ്പ ഭഗവതി ക്ഷേത്രങ്ങള്‍ തുടങ്ങിയ ദേവാലയഹ്ങളുമുണ്ട്. 1950കളുടെ മധ്യത്തോടെയാണ് പ്രധാനമായും കുടിയേറ്റപ്രവാഹമുണ്ടായത്. ഈ പഞ്ചായത്തിലെ ഇന്നുള്ള പാലക്കയം, ഇക്കുമ്പാമുട്ടി പ്രദേശങ്ങള്‍ നിബിഡവനങ്ങളായിരുന്നു. ഇവിടെ വന്യജീവികള്‍ വിഹരിച്ചിരുന്നു. ഈ പ്രദേശത്ത് കുടിയേറ്റ കര്‍ഷകര്‍ താമസം തുടങ്ങിയതോടുകൂടി കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ തുടങ്ങി. ഇന്ന് ഈ പഞ്ചായത്തിലെ നാണ്യവിള ഉല്പാദിപ്പിക്കുന്നതില്‍ പ്രഥമസ്ഥാനവും ഈ പ്രദേശങ്ങള്‍ക്കാണ്.പാലക്കയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പാലക്കയം കാര്‍മല്‍ യു.പി.സ്ക്കൂള്‍, പാലക്കയം വില്ലേജോഫീസ് ടെലഫോണ്‍ എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ വന്നതും കുടിയേറ്റ കര്‍ഷകരുടെ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്.

സംസ്ക്കാരം

സ്വാതന്ത്ര്യസമരകാലഘട്ടവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന സംഭവം മലബാര്‍ ലഹളയോടനുബന്ധിച്ച് നടന്ന ചൂരിയോട് പാലം തകര്‍ക്കലാണ്. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ നടന്ന സംഭവമാണിത്. കര്‍ഷക പ്രസ്ഥാനങ്ങളും, വയോജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നാടിന്റെ സാംസ്കാരികരംഗത്ത് ചെറിയ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. കര്‍ഷകരും കര്‍ഷകതാൈഴിലാളികളും മറ്റു തൊഴിലെടുക്കുന്നവരും അധിവസിക്കുന്ന ഈ ഗ്രാമത്തില്‍ വ്യാപാരികളുടെ എണ്ണവും കുറവല്ല. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണവും കുറവല്ല. ജന്‍മിത്വത്തിനെതിരായ പോരാട്ടത്തിനും തച്ചമ്പാറ പഞ്ചായത്ത് വേദിയായിട്ടുണ്ട്. യഥാര്‍ത്ഥകര്‍ഷകനിലേക്ക് ഭൂമിയെത്താന്‍ സഹായിച്ചതും സാംസ്കാരികരംഗത്തെ ഉണര്‍വ്വിനിടയാക്കി. വിദ്യാലയങ്ങളും നിശാപാഠശാലകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. മലബാര്‍ ലഹളക്കാലത്തുതന്ന ഈ പഞ്ചായത്തില്‍ ഒരു പ്രൈമറി വിദ്യാലയമുണ്ടായിരുന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ഈ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂളും ഒരു അപ്പര്‍ പ്രൈമറി സ്ക്കൂളും മൂന്ന് ലോവര്‍ പ്രൈമറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ഇവയ്ക്കു പുറമെ പതിനാറ് അംഗന്‍വാടികളും മൂന്ന് ഗ്രന്ഥശാലകളും പഞ്ചായത്തിലുണ്ട്. തച്ചമ്പാറ, ദേശീയ ഗ്രന്ഥശാല, മുതുകുറുശ്ശി റിക്രിയേഷന്‍ ക്ളബ്, പാലക്കയം നവോദയ വായനശാല എന്നിവയാണ് ഗ്രന്ഥശാലകള്‍. വിവിധ മത ഉത്സവങ്ങളില്‍ ഗ്രാമവാസികള്‍ ജാതിഭേതമെന്യേ പങ്കെടുക്കുന്നു. തച്ചമ്പാറ യുവജന വായനശാലയുടേയും പിന്നീട് സ്പോര്‍ട്ട്സ് ആന്റ് ആര്‍ട്ട്സ് ക്ളബ്ബിന്റെയും ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. വിശേഷാവസരങ്ങളില്‍ പാഠകം, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവയും അവതരിപ്പിക്കാറുണ്ട്.